എന്റെ സ്വന്തം അഭയം

കഴിഞ്ഞ ലക്കം "Interiors  &  exteriors" മാസികയിൽ  വന്ന അഭയം എന്ന വീട് എന്റേതുമാണ്. തന്റെ വീടിനെകുറിച്ചുള്ള സ്വപ്നങ്ങളും അതു യാഥാർഥ്യമാക്കിയതിന്റെ പിന്നിലെ ആഹ്ലാദവും അച്ഛൻ ആ കവർ സ്റ്റോറിയിൽ പങ്കുവെച്ചു. K.G .S  അങ്കിൾ , ഗോപിയേട്ടൻ എന്നിവർ  അവരുടെ വീടനുഭവത്തെ മനോഹരമായി  എഴുതി. വീടിന്റെ സാങ്കേതിക  വശം എൻജിനീയർ ബിജു വ്യക്തമാക്കി. 5 വയസ്സ് മുതൽ  ഞാൻ കാണുന്ന , ഞാൻ വളർന്ന ഈ വീടിനെകുറിച്ചു എഴുതാൻ എന്നോട് അച്ഛൻ  ആവശ്യപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് വേറിട്ട ചില ചിന്തകളായിരുന്നു.

ഏറെക്കാലം ( പഠിത്തം കഴിയുന്നത്  വരെ) ഇതു എനിക്കൊരു സാധാരണ വീട് മാത്രമായിരുന്നു. അച്ഛനും അമ്മയും ഞാനും താമസിക്കുന്ന എല്ലാവർക്കും  പോലെയുള്ള ഒരു വീട്. ഈ വീടിനെ എനിക്കു ഏറ്റവും പ്രസക്തമാക്കിയത് അതിന്റെ നിർമിതിയിലുള്ള പുതുമയോ സാങ്കേതിക മേന്മയോ ദിവസം മുഴുവൻ വീടിനെ തണുപ്പിക്കുന്ന വായുസഞ്ചാരമോ ഒന്നും ആയിരുന്നില്ല , മറിച്ചു ആ ചുവരുകൾക്കുള്ളിൽ താമസിക്കുന്ന  ജീവനുകൾ ആയിരുന്നു- എന്റെ സ്വന്തം കുടുംബം. എന്റെ സ്കൂൾ ജീവിതകാലവും, യൗവനകാലവും പിന്നീട് കോളേജ് പഠനകാലത്തുള്ള ഇടയ്കിടക്കുള്ള താമസവും എല്ലാം ആയിരുന്നു മനസ്സിൽ. വീടുമായി കെട്ടുപിണഞ്ഞ എത്രയെത്ര  ഓർമകൾ.

കോളേജ് പഠനകാലത്തും പിന്നീട്  ജോലിയുടെ ഭാഗമായും ഞാൻ ഒരുപാട് വീടുകൾ കണ്ടു. പല   സ്ഥലങ്ങളിലും പല രാജ്യങ്ങളിലും താമസിച്ചു. അപ്പോഴൊക്കെ ഏതു വീടുകൾ കണ്ടാലും സുഹൃത്തുക്കൾ അദ്‌ഭുതം കൂറി നിൽക്കുമ്പോളും എനിക്ക് അവയൊക്കെ അതിഗംഭീരം എന്നൊരിക്കലും തോന്നിയിരുന്നില്ല. ഇന്ന് അതിനെക്കുറിച്ചു ഓർക്കുമ്പോൾ കാരണം വ്യക്തമാകുന്നു. "My home had spoiled me . It had become a standard and all other homes were subconsiously compared with it ".  ആ കാലം തൊട്ട് ഇന്നേ ദിവസം വരെ ഞാൻ മനസ്സിൽ ഒരു സ്വപ്നവും കൊണ്ടു  നടക്കുന്നുണ്ട്.. എന്റെ ഒരു വീട്.

ഞാനും ഭാര്യയും കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്ന ഒരു വീട്. എന്റെ മക്കൾക്കു നിറയെ മധുരിക്കുന്ന ഓർമകൾ സമ്മാനിക്കുന്ന ഒരു കൂട്. ജീവിതം ആർത്തുല്ലസിച്ചു ആഘോഷിക്കാൻ ഒരിടം. വീടിന്റെ നിർമിതിയും കലാത്മകതയും സൗന്ദര്യവും ഒക്കെ വളരെ മുഖ്യം തന്നെ പക്ഷെ അതിലുപരി വീടിനെ എന്നെന്നും ഓർമയിൽ നിർത്തുന്ന ജീവൻ തുടിക്കുന്ന എന്റെ സ്വന്തം അഭയം..


Comments

Popular posts from this blog

My weekend adventure

Padayani- An unforgettable experience

A heartwarming Dallas vacation